നടിയെ പീഡിപ്പിച്ച കേസിലെ പരാമര്‍ശം: അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നടന്‍ ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ നിയമപരമായ പരിശോധന സര്‍ക്കാര്‍ നടത്തും. സര്‍ക്കാരിന് വേറെ പണിയില്ലാത്തതിനാലല്ലിത്. വിചിത്രമായ വാദമാണ് ഇതേ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ നടത്തിയത്. എന്തുകൊണ്ടാണ് ഇത്ര ധൃതിപ്പെട്ട് ഒരു പ്രതികരണം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല. ഒരു കാര്യം അസന്നിഗ്ധമായി പറയാം. നടിയെ പീഡിപ്പിച്ച കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ അതിജീവിതക്ക് ഒപ്പമാണ് നിന്നത്. ആ നിലപാട് ഇനിയുംഎ തുടരുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
കേസില്‍ പോലീസ് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി സ്വീകരിക്കുക. പോലിസിനെതിരെ ദിലീപ് ഒരു നിവേദനവും നല്‍കിയിട്ടില്ല. ദിലീപ് പറയുന്നത് എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഇൗ കേസില്‍ പ്രോസിക്യൂഷന്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതായാണ് പൊതുവിലുള്ള ധാരണ. എല്ലാ ഘട്ടത്തിലും കേസിന്റെ നടത്തിപ്പുമയി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളുമെല്ലാം നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
