നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബര്‍ എട്ടിന്

കേസില്‍ നടന്‍ ദിലീപടക്കം ഒമ്പതു പ്രതികള്‍

Update: 2025-11-25 06:58 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്. കേസില്‍ ദിലീപടക്കം ഒന്‍പതു പ്രതികള്‍. വിധി പറയുന്നത് എട്ട് വര്‍ഷത്തിനുശേഷം. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേട്ടത്.

2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.

2017 നവംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു.

2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.

Tags: