അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച മൂന്നു പേര്‍ പിടിയില്‍

Update: 2025-12-22 12:36 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതി മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചതിലാണ് നടപടി. നടിയെ അപമാനിക്കുന്ന തരത്തില്‍ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ തയ്യാറാക്കിയ വീഡിയോ പ്രചരിപ്പിച്ച മൂന്നു പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളെയാണ് പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച 100 അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ബിഎന്‍എസ്എസ് 72, 75 വകുപ്പുകളും ഐടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരേ കേസെടുക്കുമെന്ന് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി പുറത്തുവന്നതിനു പിന്നാലെയാണ് മാര്‍ട്ടിന്റെ പേരില്‍ അതിജീവിതയുടെ പേര് അടക്കം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളും അപവാദ പ്രചാരണങ്ങളും ഒഴിവാക്കാന്‍ അന്വേഷണ സംഘം ഇതിനോടകം തന്നെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അതിജീവതയെ അപകീര്‍ത്തിപ്പെടുത്തുന്ന ലിങ്കുകള്‍ റിമൂവ് ചെയ്യണമെന്ന് കാട്ടിയാണ് നോട്ടീസ്.