നടിയെ ആക്രമിച്ച കേസ്; അന്തിമ വിധി നാളെ, കേസിന്റെ നാള്‍വഴികളിലൂടെ..

Update: 2025-12-07 05:51 GMT

കൊച്ചി: നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങള്‍ക്കും ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി നാളെ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി പറയാന്‍ പോകുന്നത്.

2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപെടുത്തിയതിന് ദിലീപിന്റെ അമ്മയിലെ അംഗത്വം റദ്ദ് ചെയ്തു. പൃഥിരാജ്, ആസിഫ് അലി ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാരുടെ സമ്മര്‍ദത്തില്‍ ആയിരുന്നു വേഗത്തില്‍ ഒരു തീരുമാനം അന്നെടുത്തത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍, കൂട്ടായ തീരുമാനം ആണ് ഉണ്ടായത് എന്ന് പൃഥ്വിരാജ് പിന്നീട് പറഞ്ഞു. കൂടാതെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും ദിലീപിന്റെ പ്രാഥമിക അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.

85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. സുനില്‍ എന്‍ എസ് (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി ശരത് (പ്രതിപ്പട്ടികയില്‍ 15-ാം സ്ഥാനത്ത്) എന്നീ പ്രതികളാണ് വിചാരണ നേരിട്ടത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2017 നവംബറില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു.

കേസില്‍ 261 സാക്ഷികളാണുണ്ടായത്. സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസമാണ് എടുത്തത്. 142 തൊണ്ടിമുതലുകള്‍അടക്കം 833 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി.

2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.

ഏറെ ചര്‍ച്ചയായ ഈ കേസിന്റെ വഴിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന പിറന്നു. റീമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാര്‍ അമ്മ എന്ന സംഘടന വിട്ട് ഇറങ്ങി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും നയിക്കുന്ന ഭരണ സമിതി അമ്മയെന്ന സംഘടനയുടെ നിയന്ത്രണമേറ്റെടുത്തു.

ഏറ്റവും പുതിയ പ്രോസിക്യൂഷന്‍ വാദങ്ങള്‍

കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 'ദിലീപിനെ പൂട്ടണം' എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ക്കുകയും കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. 2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. രാമന്‍, ആര്‍ യു കെ അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Tags: