നടിയെ ആക്രമിച്ച കേസ്; കോടതി മുറിയിലെ വാദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയെന്ന് ദിലീപ്

Update: 2025-12-18 10:26 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, കോടതിയലക്ഷ്യ ഹരജി നല്‍കി ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ബാലചന്ദ്രകുമാര്‍ പോലിസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജാമവ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്പോര്‍ട്ട് ദിലീപിന് തിരിച്ചു നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തില്‍ ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.

അതേസമയം, കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. നിലവില്‍ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയ ഒരാള്‍ക്ക് പാസ്പോര്‍ട്ട് തടഞ്ഞുവെക്കാന്‍ നിയമപരമായ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.

Tags: