നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് വെട്ടിച്ചത് നാല്‍പ്പത് കോടിയുടെ നികുതി

Update: 2024-11-29 05:58 GMT

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നാല്‍പ്പത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിലാണ് ഈ നികുതി വെട്ടിപ്പ് നടന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകളില്‍ വ്യക്തമാവുന്നത്. സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് 140 കോടി രൂപയാണ്. അതില്‍ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. പറവ ഫിലിംസില്‍ ആധായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരുകയാണ്. ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടന്നത്.





Tags: