തൃശൂര്‍: പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമേഷന്‍ പരിപാടിയില്‍ വച്ചാണ് ഷൈന്‍ ടോം ചാക്കോ വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞത്. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി തമാശയ്ക്ക് പറയുന്നത് ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യും. അത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. അതിലുള്ള വ്യത്യസ്തത ഒരു കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും ഉണ്ടാകും. പലപ്പോഴും അത് മനസിലായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഹേര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ സോറി' ഷൈന്‍ പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി. ഇതോടെ വിഷയം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
മാറിയ ഷൈനിനോട് അഭിമാനവും സന്തോഷവും ഉണ്ടെന്നും താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും താനും അത്ര പെര്‍ഫക്ട് അല്ലെന്നും വിന്‍സി വ്യക്തമാക്കി.