നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് ചെലവായത് 11 ലക്ഷത്തിലധികം രൂപ

Update: 2026-03-24 05:45 GMT

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് ചെലവായത് 11 ലക്ഷത്തിലധികം രൂപ. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന് പേരിട്ട ഈ പരിപാടിക്കായി 11,21,000 രൂപയാണ് ചെലവായത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള മറുപടി ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് രണ്ട് ദിവസമെടുത്താണ് അഭിമുഖം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു അഭിമുഖത്തിന്റെ കാര്യം മോഹന്‍ലാലിനോട് സൂചിപ്പിച്ചത്. ലാല്‍ ഇത് സസന്തോഷം സ്വീകരിക്കുകയായിരുന്നു.

മുന്‍പ് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ സമാനമായ രീതിയില്‍ അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനെ വെറും 'പിആര്‍ സ്റ്റണ്ട്' എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Tags: