യൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍ വിളിച്ചുവരുത്തി പീഡനം; ഹാസ്യകലാകാരന് 20 വര്‍ഷം തടവ്
ഹിസാര്‍(ഹരിയാന): യൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍ വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹാസ്യകലാകാരന്‍ ദര്‍ശനെ 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഹരിയാന സ്വദേശിയായ ദര്‍ശന്‍ ഹാസ്യവീഡിയോകളിലൂടെ ശ്രദ്ധേയനായിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീഡിയോയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ദര്‍ശന്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. വീഡിയോ ചിത്രീകരണത്തിന് ശേഷം തനിക്കൊപ്പം ചണ്ഡീഗഢിലേക്ക് വരണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചെങ്കിലും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചണ്ഡീഗഢിലെ ഹോട്ടലില്‍വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാനായി വ്യാജരേഖകളും നിര്‍മിച്ചു. ഇതിനിടെ പ്രതിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് ദുരനുഭവം തുറന്നുപറയുകയായിരുന്നു.