'വന്ദേമാതരം ചൊല്ലുന്നതിനെ എതിര്‍ത്തെന്ന്'; പ്രൈമറി സ്‌കൂള്‍ അധ്യാപകനെതിരേ നടപടി
ലഖ്‌നോ: വന്ദേമാതരം ചൊല്ലുന്നതിനെ എതിര്‍ത്തെന്നാരോപിച്ച് പ്രൈമറി സ്‌കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. അധ്യാപകനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അലിഗഡിലെ റോറാവര്‍ പ്രദേശത്തുള്ള ഷാപൂര്‍ കുതുബിലെ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
രാവിലെ അസംബ്ലിയില്‍ ദേശീയഗാനം ആലപിച്ചതിന് ശേഷം, വന്ദേമാതരം ചൊല്ലുന്നതിനെച്ചൊല്ലി അധ്യാപകരായ ഷംസുല്‍ ഹസനും ചന്ദ്രപാല്‍ സിങും തമ്മില്‍ തര്‍ക്കമുടലെടുക്കുകയായിരുന്നു. വന്ദേമാതരം ചൊല്ലുന്നത് ഷംസുല്‍ ഹസന്‍ തടഞ്ഞെന്ന് ചന്ദ്രപാല്‍ സിങ് ആരോപിച്ചു. എന്നാല്‍ താന്‍ അങ്ങനെ ഒന്നും ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞിട്ടും ചന്ദ്രപാല്‍ സിങ് പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പോലിസ് സ്‌റ്റേഷനെ സമീപിക്കാന്‍ ഹസനോട് ആവശ്യപ്പെടുകയും ഇതുപ്രകാരം ഇയാള്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം, ബിഎസ്എ രാകേഷ് സിങ് സ്ഥലത്തെത്തി അന്വേഷണം നടത്തി ഹസനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.
സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് വിമര്‍ശനമുന്നയിച്ച് രംഗത്തുവരുന്നത്. എല്ലാ മതവിഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളെയോ അധ്യാപകരെയോ ഈ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്നും അനാവശ്യമായ ധ്രുവീകരണത്തിന് കാരണമാകുമെന്നും അവര്‍ പറയുന്നു. ദേശസ്നേഹം എന്നത് നിര്‍ബന്ധിതമായി പ്രകടിപ്പിക്കാനുള്ളതല്ലെന്നും സ്വമേധയാ ഉള്ളതായിരിക്കണം എന്നും അവര്‍ പറയുന്നു.
