സുബ്രമണ്യനെതിരായ നടപടി പ്രതിഷേധാര്‍ഹം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ പോലിസ് കസ്റ്റഡിയിലെടുത്ത നടപടിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യക്തമായ അന്തര്‍ധാര ഉണ്ട്. ഇതു കൊണ്ടൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിശബ്ദമാക്കാന്‍ നടക്കില്ല, അതൊക്കെ അന്ത കാലമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ സൈബര്‍ സഖാക്കളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അപകീര്‍ത്തികരമായ എഐ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സുബ്രമണ്യനെന്താ കലാപാഹ്വാനം നടത്തിയോ അതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തു കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കേസെടുക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. സുബ്പമണ്യനെതിരായ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസില്‍ ചോദ്യം ചെയ്യാന്‍ സുബ്രമണ്യന് പോലിസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം പോലിസിന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുബ്രഹ്‌മണ്യന്‍. പോസ്റ്റ് പിന്‍വലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയില്‍ നിന്നുമെടുത്ത ചിത്രമാണ് താന്‍ പങ്കുവെച്ചതെന്നും സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്. ഈ ചിത്രം എഐ നിര്‍മിതമാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. തുടര്‍ന്നാണ് സുബ്രമണ്യനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തത്.

