വീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു;കണ്ണൂരില്‍ വൈദികനെതിരേ നടപടി

Update: 2022-06-30 05:11 GMT

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വൈദികനെതിരേ സ്ത്രീകള്‍ മാനന്തവാടി ബിഷപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചതായി സഭാ നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാനൂറിലധികം വനിതകളുള്ള ഭക്ത സംഘത്തിന്റെ വാട്‌സ്ആപ്പിലേക്കാണ് വീഡിയോ അയച്ചത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് ആരോപണ വിധേയനായ ഫാദര്‍ സെബാസ്റ്റ്യന്‍.പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം പറഞ്ഞു.'വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും. പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.' മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം പറഞ്ഞു

നേരത്തെ കണ്ണൂര്‍ ജില്ലയില്‍ പെട്ട തലശേരി അതിരൂപതയിലെ വൈദികന്‍ വിവാഹം കഴിച്ചതും ജില്ലയില്‍ വിവാദമായ സംഭവമായിരുന്നു. 25 വര്‍ഷമായി വൈദിക വൃത്തിയും, വൈദിക പഠനവുമായി ജീവിക്കുന്ന ഫാ.മാത്യു മുല്ലപ്പള്ളിലാണ്(40) ക്രൈസ്തവമതം ഉപേക്ഷിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഹൈന്ദവ യുവതിയെ ആണ് മാത്യു മുല്ലപ്പള്ളില്‍ വിവാഹം ചെയ്തത്.

Tags:    

Similar News