കൊല്ലം: ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ്ബാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സുരേഷ്ബാബുവിന്റെ ഭാര്യ തൃശ്ശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍, കൊപ്പുള്ളി ഹൗസില്‍ വി പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കഴിഞ്ഞ ഫെബ്രുവരി 15-ന് കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
കൊല്ലത്തെ എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുള്‍ സലാം നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. അബ്ദുള്‍ സലാം ബിസിനസ് ആവശ്യത്തിലേക്കായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കില്‍നിന്ന് 49.25 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ലോണായി എടുത്തിരുന്നു. കോവിഡ്കാലത്ത് തുക തിരിച്ചടയ്ക്കാന്‍ പറ്റാതായി. എറണാകുളത്തെ കടംതിരിച്ചുപിടിക്കല്‍ ട്രിബ്യൂണലിനെ ബാങ്ക് സമീപിച്ചു.
ജപ്തിനടപടികളിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ സുഹൃത്തും മൂന്നാംപ്രതിയുമായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞു. അദ്ദേഹമാണ് സുരേഷ്ബാബുവിനെ പരിചയപ്പെടുത്തിയത്. 52 കോടി രൂപയുടെ ബാധ്യത 25 കോടിയാക്കി കുറച്ചുകൊടുക്കാമെന്ന് ഇവര്‍ വാഗ്ദാനംചെയ്തു. ബാങ്കില്‍ മുന്‍കൂര്‍ അടയ്ക്കാനാണെന്നു പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി.
