ആസിഡ് ആക്രമണം: നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന് സുപ്രിംകോടതിയുടെ പരാമര്‍ശം
ന്യൂഡല്‍ഹി: ആസിഡ് ആക്രമണക്കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുന്ന പ്രതികള്‍ക്ക് നിലവിലുള്ളതിലുപരി കടുത്ത ശിക്ഷകള്‍ നല്‍കുന്നതിനായി പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് സുപ്രിംകോടതി. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രധാന നിരീക്ഷണമാണ് കോടതി നടത്തിയത്. ആസിഡ് ആക്രമണത്തിനിരയായ ഷഹീന്‍ മാലിക് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് ശക്തമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീധനക്കൊല കേസുകളില്‍ നിലവിലുള്ളതുപോലെ കുറ്റവാളിയല്ലെന്ന തെളിവ് സമര്‍പ്പിക്കാനുള്ള ബാധ്യത പ്രതികളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് ആസിഡ് ആക്രമണക്കുറ്റങ്ങള്‍ തടയുന്നതിനുള്ള ശക്തമായ സന്ദേശമാവുമെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും താഴ്ന്ന കോടതി വെറുതെവിട്ട സാഹചര്യത്തില്‍, അതിനെതിരേ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വേഗത്തില്‍ പരിഗണിക്കണമെന്ന് ഷഹീന്‍ മാലിക് അഭ്യര്‍ഥിച്ചു. തന്റെ ജീവിതത്തിലെ 16 വര്‍ഷം നിയമപോരാട്ടത്തിനായി ചെലവഴിച്ചുവെന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അവര്‍ വ്യക്തമാക്കി.
ഇതിനെത്തുടര്‍ന്ന്, ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിലാക്കാന്‍ എല്ലാ ഹൈക്കോടതികളോടും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഉത്തര്‍പ്രദേശില്‍ 198, പശ്ചിമബംഗാളില്‍ 60, ഗുജറാത്തില്‍ 114, ബിഹാറില്‍ 68, മഹാരാഷ്ട്രയില്‍ 58 എന്നിങ്ങനെ നിരവധി കേസുകള്‍ വിവിധ ഹൈക്കോടതികളില്‍ തീര്‍പ്പാകാതെ നിലനില്‍ക്കുന്നുവെന്ന് കോടതി അറിയിച്ചു. മറ്റു ഹൈക്കോടതികളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ഇനിയും ലഭിച്ചിട്ടില്ല.
