അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
പാലക്കാട്: അട്ടപ്പാടി പാലൂര്‍ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി രാമരാജന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കട്ടേക്ക് ബസില്‍ പോകവേ ആനമൂളിയില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. പാലൂര്‍ സ്വദേശിയായ മണികണ്ഠനാണ്(26)ക്രൂര മര്‍ദമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. രാമരാജിനെ പ്രതിയാക്കി പുതൂര്‍ പോലിസ് പതിനാറാം തീയതി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നുവെന്നായിരുന്നു പോലിസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മണികണ്ഠനെ രാമജരാജ് ക്രൂരമായി മര്‍ദിച്ചത്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര് മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു. ഇക്കഴിഞ്ഞ ഒന്‍പതിന് കോഴിക്കോട്ടേക്കു പോയ മണികണ്ഠന്‍ തലകറങ്ങി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകര്‍ന്നതായി കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. യുവാവ് ഇപ്പോള്‍ അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
