കൊല്ലം: പോലിസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്സ് പുറത്തെടുത്തു. എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-നാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റില്‍ ചാടിയത്.ശ്രീകുമാറിനെ പോലിസ് ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി എഴുകോണ്‍ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലിസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താന്‍ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലിസിനെ കൊണ്ടുപോയ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിന് ശേഷം ചരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ കിണറ്റില്‍ ചാടി. ശബ്ദംകേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റില്‍ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലിസ് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കുണ്ടറയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി പ്രതിയെ കരയ്ക്കെത്തിച്ചു.