വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടിവസ്ത്രത്തിലെ ഇലാസ്റ്റിക് ഉപയോഗിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Update: 2025-09-25 04:07 GMT

തിരുവനന്തപുരം: വിതുരയില്‍ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ ആര്യനാട് പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പറണ്ടോട് സ്വദേശിയായ നജീം(26)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സെല്ലില്‍ അടച്ചിരിക്കുകയായിരുന്നു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും കഴുത്തിലും കെട്ടി വലിച്ചുമുറുക്കിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതുകണ്ട പോലിസുകാര്‍ വേഗം ഇലാസ്റ്റിക് മുറിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

മദ്യലഹരിയില്‍ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ നജീബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയില്‍ താമസിക്കുന്ന വയോധികയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പുറത്തുപോയിരുന്ന വയോധികയുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ നജീം ഉപദ്രവിക്കുന്നതു കണ്ടത്. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് ബഹളംകൂട്ടി നാട്ടുകാരെ വിളിച്ചുവരുത്തി നജീമിനെ ആര്യനാട് പോലിസിനു കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ വയോധിക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.