കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പോലിസുകാരെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കിളിമാനൂര്‍ പോലിസ് സ്റ്റേഷനില്‍ എസ്എച്ഓ ഉള്‍പ്പടെയുള്ളവരെ സസ്‌പെന്റ് ചെയ്തു. എസ്എച്ഓ ബി ജയന്‍, എസ്‌ഐ അരുണ്‍, ജിഎസ്‌ഐ ഷജിം എന്നിവരേയാണ് സസ്പെന്‍ഡ് ചെയ്തത്. അപകടം അന്വേഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാണ് നടപടി.
കേസില്‍ ഇന്ന് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ച പ്രതിയെ ഒളിവില്‍പോകാന്‍ സഹായിച്ച ആദര്‍ശ് എന്നയാളെയാണ് കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിയെ ഇതുവരെ പോലിസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന.
ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉള്‍പ്പടെ 59 പേര്‍ക്കെതിരേയാണ് കേസ്. രജിത്തിന്റെയും അംബികയുടേയും മക്കളേയും കൊണ്ടായിരുന്നു കിളിമാനൂര്‍ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.
