പൂന്തുറ: കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് സ്‌കൂട്ടറലിടിച്ച് സ്‌കൂട്ടര്‍യാത്രികനായ വയോധികന്‍ മരിച്ചു. ശ്രീകാര്യം ശാസ്താംകോണം ഇഎംഎസ് നഗര്‍ വേടന്‍ വിളാകത്ത് വീട്ടില്‍ ഗംഗാധരന്‍ നായര്‍ (82) ആണ് മരിച്ചത്. ശ്രീകാര്യം എന്‍ജിനീയറിങ് കോളേജിലെ മെസിലെ ജീവനക്കാരനായിരുന്നു. സ്‌കൂട്ടറോടിച്ചിരുന്ന പാങ്ങപ്പാറ കുഞ്ചുവിള ക്ഷേത്രത്തിനുസമീപം അശ്വതി ഭവനില്‍ ബി ശശിധരന്‍ നായര്‍ക്ക് പരിക്കേറ്റു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു ഇരുവരും. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ദേശീയപാതയിലെ പരുത്തിക്കുഴി ജങ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ കുലശേഖരത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്. പഴഞ്ചിറ-അമ്മച്ചിമുക്ക് ഭാഗത്തുനിന്ന് പരുത്തിക്കുഴി ജങ്ഷനിലേക്ക് കയറുന്നതിന് റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വരുകയായിരുന്ന ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്ന ഗംഗംധരന്‍നായര്‍ റോഡിലേക്ക് വീഴുകയും ബസിന്റെ മുന്‍ഭാഗത്തുള്ള ഇടത് ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. മരിച്ച ഗംഗാധരന്‍നായരുടെ ഭാര്യ: ബേബി കുമാരി. മക്കള്‍; രമാദേവി, സുരേഷ് കുമാര്‍.