മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടന്‍ ബൈജു

മദ്യപിച്ചതല്ലെന്നും ടയര്‍ പഞ്ചറായപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നുമാണ് വിശദീകരണം

Update: 2024-10-16 08:58 GMT

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ വിശദീകരണവുമായി നടന്‍ ബൈജു. മദ്യപിച്ചതല്ലെന്നും ടയര്‍ പഞ്ചറായപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നുമാണ് വിശദീകരണം. തന്റെ ഭാഗത്ത് നിന്ന് അഹങ്കാരത്തോടെയുള്ള സംസാരം ഉണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബൈജു ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ഞായറാഴ്ചത്തെ തന്റെ ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യല്‍ മീഡിയ വഴി പരക്കുകയുണ്ടായി. ഇതിന്റെ യഥാര്‍ത്ഥ സംഗതി എന്താണെന്ന് കൂടി പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കില്‍ അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ് എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഞായറാഴ്ച കവടിയാര്‍ ഭാഗത്ത് നിന്ന് വെള്ളയമ്പലത്തേക്ക് വരുമ്പോള്‍ ഫ്രണ്ട് ടയര്‍ പൊട്ടി തന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയതാണെന്നാണ് വിശദീകരണം.

''ഞാന്‍ അടിച്ചു പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വരും. കാരണം പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ആള്‍ക്കാര്‍ വായിക്കുള്ളൂ'' ബൈജു വീഡിയോയില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി 11.45ന് വെള്ളയമ്പലത്തായിരുന്നു അപകടം. മദ്യപിച്ച് വാഹമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി.

Tags: