നാവിക സേനയുടെ അഭ്യാസത്തിനിടെ വിഐപി പവലിയനില്‍ അപകടം

ഇരുമ്പ് കമ്പി വീണ് ഒരാള്‍ക്ക് പരിക്ക്

Update: 2025-12-03 16:02 GMT

തിരുവനന്തപുരം: ശംഖുംമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ വിഐപി പവലിയനില്‍ അപകടം. ഫ്‌ലാഗ് സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പി വീണ് ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളാണ് തിരുവനന്തപുരം ശംഖുമുഖത്ത് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി.

പരേഡിനും ബാന്‍ഡ് ഷോയ്ക്കും ശേഷമാണ് അഭ്യാസപ്രകടനങ്ങള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവരും ചടങ്ങില്‍ മുഖ്യാതിഥികളായി. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാല്‍പ്പതിലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് അണിനിരന്നത്.