തിരുവനന്തപുരത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

വീടിന്റെ വര്‍ക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

Update: 2026-04-20 03:08 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ വര്‍ക്ക് ഏരിയയും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റും കത്തിനശിച്ചു. മംഗലപുരം കൊയ്ത്തൂര്‍ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആളപായമില്ല. കുടുംബം ഉറങ്ങുന്നതിനിടയില്‍ ശബ്ദം കേട്ട് ഉണര്‍ന്നു നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവുമാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ച് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.