എബിവിപി പ്രതിഷേധം; ജിന്ന, സയ്യിദ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ

Update: 2026-03-23 09:12 GMT

ന്യൂഡല്‍ഹി: മുഹമ്മദ് അലി ജിന്ന, സയ്യിദ് അഹമ്മദ് ഖാന്‍, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ പ്രധാന ചരിത്ര വ്യക്തിത്വങ്ങളെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് ജമ്മു സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ അഫയേഴ്സ് കമ്മിറ്റി (ഡിഎസി). വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി മാര്‍ച്ച് 24 ന് യോഗം ചേരുമെന്നാണ് റിപോര്‍ട്ടുകള്‍.

ജിന്നയെ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ശുപാര്‍ശ. ദ്വിരാഷ്ട്ര സിദ്ധാന്തവുമായും വിഭജനവുമായും ബന്ധപ്പെട്ട വ്യക്തികളെ പഠിപ്പിക്കുന്നത് 'ഗുരുതരമായ ആശങ്കകള്‍' ഉയര്‍ത്തുന്നുവെന്നും ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നുമാണ് എബിവിപിയുടെ വാദം. ഈ അധ്യായങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി ജമ്മു കശ്മീര്‍ സെക്രട്ടറി സന്നക് ശ്രീവത്സ് പറഞ്ഞിരുന്നു.

ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകള്‍ നല്‍കുന്നതിനാണ് സിലബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അറിയിച്ചു. ജിന്ന, സര്‍ സയ്യിദ്, ഇഖ്ബാല്‍ എന്നിവരോടൊപ്പം വിനായക് ദാമോദര്‍ സവര്‍ക്കര്‍, എം എസ് ഗോള്‍വാള്‍ക്കര്‍, മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ചിന്തകരെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വകുപ്പ് മേധാവി പ്രൊഫ. ബല്‍ജിത് സിംഗ് മാന്‍ വിശദീകരിച്ചിരുന്നു.

പ്രതിഷേധത്തിനിടെ ഉയര്‍ന്ന ആശങ്കകള്‍ കണക്കിലെടുത്ത് ഡിഎസി പാഠഭാഗങ്ങള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കി. എന്നാല്‍, അന്തിമ തീരുമാനം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. ശുപാര്‍ശ സ്വീകരിക്കണോ നിരസിക്കണോ എന്ന കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കുക.

Tags: