അഷ്‌റഫ് കലായിയുടെ കൊലപാതകം: ഒളിവിലായിരുന്ന ബജ്‌റങ് ദള്‍ നേതാവ് കീഴടങ്ങി

Update: 2025-10-10 12:53 GMT

മംഗളൂരു: എസ്ഡിപിഐ അമ്മുഞ്ചെ മേഖലാ പ്രസിഡന്റ് അഷ്‌റഫ് കലായി(30)യെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ബജ്‌റങ് ദള്‍ നേതാവ് ഭരത് കുംദേല്‍ കോടതിയില്‍ കീഴടങ്ങി. പ്രതിയെ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. 2017 ജൂണ്‍ 21നാണ് ബണ്ട്വാള്‍ ബെഞ്ചനപദവില്‍ വച്ച് അഷ്‌റഫിനെ ഹിന്ദുത്വ സംഘം കൊലപ്പെടുത്തിയത്. കേസില്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വിചാരണയില്‍ ഹാജരാവാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി വാറന്‍ഡ് ഇറക്കി. അതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയത്.

അഷ്‌റഫ് കലായി

ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാന്‍ എന്ന മുസ്‌ലിം യുവാവിനെ 2025 മേയ് 27ന് ബണ്ട്വാള്‍ റൂറല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് വെട്ടിക്കൊന്ന കേസില്‍ ഇയാള്‍ ഒന്നാം പ്രതിയാണ്.

അബ്ദുല്‍ റഹ്മാന്‍

ഈ കേസില്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2006 മുതല്‍ കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ പ്രസംഗം, പട്ടികജാതിക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ തുടങ്ങി ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. അബ്ദുല്‍ റഹ്മാനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ക്കെതിരെ കര്‍ണാടക സംഘടിത് കുറ്റകൃത്യം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.