തുർക്കിയുമായുള്ള സംഘർഷം പികെകെ അവസാനിപ്പിക്കണമെന്ന് കുർദ് നേതാവ് അബ്ദുല്ല ഒജാലൻ

Update: 2025-02-27 17:50 GMT

ഇസ്താംബൂൾ : തുർക്കിയുമായുള്ള സായുധസംഘർഷം കുർദിസ്താൻ വർക്കേഴ്സ് പാർട്ടി ( പികെകെ) അവസാനിപ്പിക്കണമെന്ന് സ്ഥാപക നേതാവ് അബ്ദുല്ല ഒജാലൻ. പ്രത്യേക കുർദ് രാജ്യത്തിന് വേണ്ടി കഴിഞ്ഞ 40 വർഷമായി നടക്കുന്ന സായുധ സമരം അവസാനിപ്പിക്കണമെന്നും ആയുധം താഴെവക്കണമെന്നും ഒജാലൻ നിർദേശിച്ചു. 1999ൽ കെനിയയിൽ നിന്ന് പിടികൂടിയ ശേഷം തുർക്കിയിലെ ഇമ്രാലി ജയിലിൽ ഏകാന്തതടവിൽ കഴിയുന്ന ഒജാലനെ കുർദ് അനുകൂല പാർട്ടിയായ ഡിഇഎമ്മിൻ്റെ നേതാക്കൾ കണ്ടാണ് വിഷയം സംസാരിച്ചത്. മാസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഒജാലൻ നിലപാട് പ്രഖ്യാപിച്ചത്.

തുർക്കി, ഇറാഖ്, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഇടയിലെ പ്രദേശത്ത് കുർദിസ്ഥാൻ രൂപീകരിക്കാനായിരുന്നു പികെകെയുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നത്. വിവിധ രാജ്യങ്ങളിലെ കുർദ് സായുധ സംഘടനകളുടെ പ്രത്യയശാസ്ത്ര നേതാവ് കൂടിയായ ഒജാലൻ്റെ നിലപാട് പ്രഖ്യാപനം ആ സംഘടനകളെയും സ്വാധീനിക്കും. വടക്കുപടിഞാറൻ സിറിയയിലെ ശക്തമായ കുർദ് സായുധ വിഭാഗങ്ങളുടെ ആശയമായ ഡെമോക്രാറ്റിക് കോൺഫെഡറിലിസം വികസിപ്പിച്ചതും ഒജാലൻ ആയിരുന്നു.

എന്നാൽ, നിലവിൽ ഇറാഖിലെ ക്വാണ്ടിൽ മലകളിൽ ഉള്ള പികെകെ നേതാക്കൾ ഒജാലൻ്റെ പ്രഖ്യാപനത്തിൽ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ 26 വർഷമായി ഏകാന്ത തടവിൽ കഴിയുന്ന നേതാവിൻ്റെ നിലപാട് അവർ അംഗീകരിക്കുകയാണെങ്കിൽ തുർക്കിയുടെ തെക്കൻ മേഖല ശാന്തമാവും.