അബ്ദുല്‍ റഹ്മാന്റെ കൊലപാതകം: ഹിന്ദുത്വ നേതാക്കളെ പ്രതിയാക്കണമെന്ന് ആവശ്യം
മംഗളൂരു: ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുത്വ നേതാക്കളെ പ്രതിചേര്‍ക്കണമെന്ന് ബണ്ട്വാള്‍ മുസ്‌ലിം സമാജം. വിവിധ ഹിന്ദുത്വ സംഘടനാ നേതാക്കളായ ഭരത് കുംദേലിനെയും ശരണ്‍ പമ്പ്‌വെല്ലിനെയും ശ്രീകാന്ത് ഷെട്ടിയേയും ശിവാനന്ദ മെന്ദനെയും പ്രതികളാക്കണമെന്നാണ് ആവശ്യം. ബാജ്‌പെ ചലാവോ തുടങ്ങിയ വിവിധ പരിപാടികളില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി മുസ്‌ലിംകളെ കൊല്ലാന്‍ പ്രേരിപ്പിച്ചുവെന്ന് സമാജം പ്രസിഡന്റ് കെ എച്ച് അബൂബക്കറും ജനറല്‍ സെക്രട്ടറി ഹനീഫ് ഖാനും പറഞ്ഞു. അതിനാല്‍ അവരെയും കേസില്‍ പ്രതികളാക്കണം. കേസില്‍ യുഎപിഎയും കര്‍ണാടക സംഘടിത കുറ്റകൃത്യം തടയല്‍ നിയമവും ഉള്‍പ്പെടുത്തണം. കേസിലെ അന്വേഷണം എന്‍ഐഎക്കോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു.