ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ആദ്യദിനം ആധാര്‍ നിര്‍ബന്ധം; ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണവുമായി റെയില്‍വേ
ചെന്നൈ: ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആദ്യദിന ബുക്കിങ്ങിന് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ. തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുന്ന ആദ്യദിനത്തില്‍ ഈ നിയമം ബാധകമാകുന്നത്.
അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് ആരംഭിക്കുന്ന ദിവസം (60 ദിവസം മുന്‍പ്) ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. പുതിയ സംവിധാനം ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്. ഡിസംബര്‍ 29 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാവും. ജനുവരി 5 മുതല്‍ ഈ സമയം രാവിലെ 8 മുതല്‍ വൈകിട്ട് 4 മണിവരെയും, ജനുവരി 12 മുതല്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന ദിവസം മുഴുവന്‍ സമയവും (രാവിലെ 8 മുതല്‍ അര്‍ധരാത്രി വരെ) ആധാര്‍ സ്ഥിരീകരണം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ.
തിരക്കേറിയ റൂട്ടുകളിലെ ട്രെയിന്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്‍ ബുക്കിങ് ആവുന്നതു മുതലെടുത്ത് ഏജന്റുമാര്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വലിയ തോതില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് പിന്നീട് 2,000 മുതല്‍ 4,000 രൂപ വരെ അധികം വാങ്ങി യാത്രക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്നുവെന്ന പരാതികള്‍ വ്യാപകമായിരുന്നു. ഇത്തരം അനധികൃത ഇടപാടുകള്‍ തടയുന്നതിനാണ് റെയില്‍വേയുടെ പുതിയ നടപടി.
അതേസമയം, റെയില്‍വേ സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കു നിലവിലുള്ള രീതിയില്‍ മാറ്റമില്ല. അവിടെ ഏതെങ്കിലും സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതിയാകും. ആധാറിന് പുറമെ, ചില തിരഞ്ഞെടുത്ത ട്രെയിനുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഒടിപി വേരിഫിക്കേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയിലെ നവജീവന്‍ എക്‌സ്പ്രസ്, കൊറോമാണ്ടല്‍ എക്‌സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
