ബിഹാറില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കണം; എസ്ഐആറില്‍ തിരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബിഹാറില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. വോട്ടറുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള 12-ാമത് രേഖയായി ആധാര്‍ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. നിലവില്‍ ബിഹാറില്‍ വോട്ടര്‍മാര്‍ അവരുടെ അപേക്ഷക്കൊപ്പം 11 രേഖകള്‍ സമര്‍പ്പിക്കണം.
പൗരത്വത്തിന്റെ തെളിവായി ആധാര്‍ സ്വീകരിക്കില്ലെങ്കിലും തിരിച്ചറിയല്‍ രേഖയായി കണക്കാക്കാമെന്ന് ബെഞ്ച് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വോട്ടര്‍ സമര്‍പ്പിക്കുന്ന ആധാര്‍ കാര്‍ഡ് നമ്പറിന്റെ ആധികാരികത കമീഷന് ഉറപ്പാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നു നിരീക്ഷിച്ച ബെഞ്ച്, യഥാര്‍ത്ഥ പൗരന്മാര്‍ക്കു മാത്രമേ വോട്ടുചെയ്യാന്‍ അനുവാദമുള്ളതെന്നും, വ്യാജരേഖകളുമായി അവകാശപ്പെടുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ കമീഷന്‍ വ്യക്തത വരുത്തണമെന്നും പറഞ്ഞു.
ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ വോട്ടെടുപ്പ് പാനലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ഷോകോസ് നോട്ടീസുകളെക്കുറിച്ചും ഇ സിയുടെ വിശദീകരണം തേടി.
