ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

Update: 2025-09-22 10:30 GMT

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ മാറ്റംവരുത്തുന്നതില്‍ നിരക്ക് വര്‍ധിപ്പിച്ചു. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് വില വര്‍ധിക്കുക. രണ്ടുഘട്ടങ്ങളിലായാണ് വില കൂട്ടുക. 50 രൂപയുള്ള സേവനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 75 ആയും 100 രൂപയുള്ളത് 125 ആയും വര്‍ധിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബര്‍ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തില്‍ 75 രൂപ 90 ആയും 125 രൂപ 150 രൂപയായും വര്‍ധിക്കും. 2028 ഒക്ടോബര്‍ ഒന്നുമുതല്‍ 2031 സെപ്റ്റംബര്‍ 30 വരെയാണ് രണ്ടാംഘട്ട നിരക്കിന്റെ കാലാവധി.

എന്നാല്‍, ആധാര്‍ പുതുതായി എടുക്കുന്നതിന് പണം നല്‍കേണ്ട. അഞ്ചുമുതല്‍ ഏഴുവയസുവരെയും 15 മുതല്‍ 17 വയസുവരെയുമുള്ള നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. എന്നാല്‍, ഏഴുവയസുമുതല്‍ 15 വയസുവരെയും 17 വയസുമുതല്‍ മുകളിലേക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നല്‍കണം. ഇതിന്റെ നിരക്ക് 100-ല്‍നിന്ന് 125 ആയി ആദ്യഘട്ടത്തിലും 150 ആയി രണ്ടാം ഘട്ടത്തിലും വര്‍ധിപ്പിച്ചിട്ടുണ്ട്. ആധാര്‍ അതോറിറ്റിയുടെ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ നേരിട്ടു തേടുന്ന സേവനങ്ങളുടെ നിരക്ക് 50-ല്‍നിന്ന് 75 ആക്കിയിട്ടുണ്ട്. സേവനകേന്ദ്രങ്ങള്‍ക്ക് ആധാര്‍ അതോറിറ്റി നല്‍കുന്ന തുകയും വര്‍ധിച്ചിട്ടുണ്ട്.

Tags: