ഇ-ആധാര്‍ സംവിധാനം വരുന്നു; ആധാര്‍ സേവനങ്ങള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈനില്‍

Update: 2025-11-04 07:42 GMT

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും വേഗത്തിലും ലഭ്യമാക്കുന്നതിനായി പുതിയ ഇ-ആധാര്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് രൂപപ്പെടുത്തുന്നത്. വര്‍ഷാവസാനത്തോടെ ഇ-ആധാര്‍ പ്രായോഗികമാകുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ ആധാറിലെ വിവരങ്ങള്‍ പുതുക്കാനോ തിരുത്താനോ ഇനി ആധാര്‍ സേവന കേന്ദ്രങ്ങളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഒഴിവാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ജനന തീയതി, വിലാസം, കൂടാതെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഇ-ആധാര്‍ ആപ്പില്‍ ഏറ്റവും പുതിയ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ് ഐഡി വെരിഫിക്കേഷനും ഐഡന്റിറ്റി മാച്ചിങും വഴിയാണ് ആപ്പില്‍ പ്രവേശനം സാധ്യമാകുന്നത്. അതുവഴി ഉപയോക്തൃ തിരിച്ചറിയല്‍ ഉറപ്പാക്കുകയും മറ്റൊരാള്‍ക്ക് കൃത്രിമമായി വിവരങ്ങള്‍ മാറ്റാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമായ അപ്‌ഡേഷനുകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. പുതിയ ഇ-ആധാര്‍ സംവിധാനം പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്ത് ആധാര്‍ അടിസ്ഥാനമാക്കിയ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ രീതിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: