ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാന്‍ ആധാറും പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പോരാ: ബോംബെ ഹൈക്കോടതി
മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ബംഗ്ലാദേശി പൗരന്റെ ജാമ്യവുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.
അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് അറസ്റ്റിലായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ നേടുന്നതിന് മാത്രമാണെന്ന് പറഞ്ഞു.
സാധുവായ പാസ്പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ 'നിയമവിരുദ്ധമായി' ഇന്ത്യയിലേക്ക് കടന്നതായി ആരോപിക്കപ്പെടുന്ന ബംഗ്ലാദേശ് പൗരന്‍ ബാബു അബ്ദുള്‍ റൗഫ് സര്‍ദാറിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഇന്ത്യന്‍ പാസ്പോര്‍ട്ട് തുടങ്ങിയ വ്യാജ ഇന്ത്യന്‍ രേഖകള്‍ നിര്‍മ്മിച്ചതായി സര്‍ദാറിനെതിരെ കുറ്റമുണ്ടെന്നും റിപോര്‍ട്ടുണ്ട്.
1955-ല്‍ പാര്‍ലമെന്റ് പൗരത്വ നിയമം പാസാക്കി. പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂര്‍ണ്ണവുമായ ഒരു സംവിധാനം ഇത് സൃഷ്ടിച്ചുവെന്ന് ജസ്റ്റിസ് ബോര്‍ക്കര്‍ പറഞ്ഞു. 'എന്റെ അഭിപ്രായത്തില്‍, 1955 ലെ പൗരത്വ നിയമമാണ് ഇന്ന് ഇന്ത്യയില്‍ ദേശീയത നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും നിയന്ത്രിക്കുന്നതുമായ നിയമം. ആര്‍ക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളില്‍ അത് നഷ്ടപ്പെടാം എന്നിവ വ്യക്തമാക്കുന്ന നിയമമാണിത്,' ബോര്‍ക്കര്‍ പറഞ്ഞു.