യുപിയില്‍ യുവതിയേയും യുവാവിനേയും കെട്ടിയിട്ട് വെട്ടിക്കൊന്ന് കുഴിച്ചുമൂടി
ലക്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 27കാരനായ മുസ് ലിം യുവാവിനേയും 22കാരിയായ ഹിന്ദു യുവതിയേയും കൈകാലുകള്‍ കെട്ടിയിട്ട് വെട്ടിക്കൊന്നു. സംഭവത്തില്‍ യുവതിയുടെ മൂന്ന് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തി. അര്‍മാന്‍, കാജള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അര്‍മാന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇക്കാലയളവില്‍ ഇവിടെ വെച്ച് കാജളിനെ പരിചയപ്പെടുകയും ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നു. എന്നാല്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധത്തെ കാജളിന്റെ സഹോദരങ്ങള്‍ എതിര്‍ത്തിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് അവര്‍ കാജലിനോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി അര്‍മാനേയും കാജളിനേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് അര്‍മാന്റെ പിതാവ് ഹനീഫ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാജലിനേയും കാണാനില്ലെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് കാജളിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരേയും കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
രണ്ടുപേരേയും തങ്ങള്‍ കൊലപ്പെടുത്തിയതായി സഹോദരങ്ങള്‍ പോലിസിനോട് സമ്മതിച്ചു. അര്‍മാന്റെയും കാജളിന്റെയും കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മൃതദേഹങ്ങള്‍ നദീതീരത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതികള്‍ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് ഇന്നലെ വൈകുന്നേരത്തോടെ പോലിസ് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. മൂന്ന് സഹോദരങ്ങള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് സത്പാല്‍ അന്തില്‍ പറഞ്ഞു.
