ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

Update: 2026-04-21 03:24 GMT

ആലപ്പുഴ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ടിടിഇ നല്‍കിയ പരാതിയില്‍ തിരുവല്ല കണ്ടുചിറയില്‍ വീട്ടില്‍ മനീഷാണ്(27)അറസ്റ്റിലായത്. ഈ മാസം 19ന് വൈകീട്ട് ഏറനാട് എക്‌സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പ സമയത്തിനകമാണ് സംഭവം. വനിതാ ടിടിഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടിടിഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലിസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കൊല്ലത്തേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്.