ബന്ധുക്കളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി

Update: 2026-01-01 08:45 GMT

ബെംഗളൂരു: യുവതിയെ കാണാതായതിനെ ചൊല്ലി ബന്ധുക്കളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി. നരസിപുര താലൂക്കിലെ സീഹള്ളി ഗ്രാമത്തിലാണ് സംഭവം. ജയറാമുവിന്റെയും മഞ്ജുളയുടെയും മകനായ 23 വയസ്സുകാരനായ നാഗേന്ദ്ര വീട്ടിലെ പശുതൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക്രിസ്മസ് ദിനം മുതല്‍ നാഗേന്ദ്ര പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. പോലിസില്‍ പരാതി നല്‍കിയ ശേഷം, ബന്ധുക്കള്‍ നാഗേന്ദ്രയുടെ വീട്ടില്‍ എത്തി മകളെ അന്വേഷിച്ചു. ഇവര്‍ യുവാവിനെ മോട്ടോര്‍സൈക്കിളില്‍ കയറ്റി ജയ്കുമാറിന്റെ ഫാംഹൗസിലെത്തിച്ചു. അവിടെവെച്ച് നാഗേന്ദ്രയുടെ കൈകള്‍ കെട്ടി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ നാഗേന്ദ്രയുടെ രണ്ട് ഫോണുകളും പിടിച്ചെടുത്തതായി മാതാവ് പരാതിയില്‍ പറഞ്ഞു. ആക്രമണം നിര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍, പ്രശ്‌നം ഗ്രാമനേതാക്കള്‍ പരിഹരിക്കുമെന്നും സംഭവങ്ങള്‍ പുറത്തു പറയുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നാഗേന്ദ്ര ജീവിതം അവസാനിപ്പിച്ചത്. സംഭവത്തില്‍ ബന്നൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം തുടരുകയാണ്.

Tags: