കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ പീഡനം; ഉന്നത വനിതാ പോലിസ് ഉദ്യോഗസ്ഥ അന്വേഷിക്കും

Update: 2026-04-20 12:33 GMT

കായംകുളം: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ഉന്നത വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം. നിലവിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഉന്നത പോലിസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പോലിസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

നിലവില്‍ കായംകുളം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും, ആദ്യഘട്ടത്തില്‍ കായംകുളം പോലിസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് യുവതി ആരോപിച്ചു. പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിന്റെ സ്വാധീനത്തിന് പോലിസ് വഴങ്ങുന്നുവെന്നും, കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലിസ് തയ്യാറായില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ നാലിന് പുലര്‍ച്ചെ കായംകുളത്ത് വെച്ചുണ്ടായ ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷാപ്രവര്‍ത്തകനായി എത്തിയ സിനില്‍ സവാദ് വാഹനത്തിനുള്ളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയില്‍ ഡിജിപി റിപോര്‍ട്ട് തേടിയിരുന്നു. സിനില്‍ സവാദിനെതിരേ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നല്‍കി വിട്ടയച്ചതെന്ന വിശദീകരണവും റിപോര്‍ട്ടിലുണ്ട്.