മുന്നാക്ക സംവരണമെന്ന പെരുംകൊള്ളക്കെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണം: എസ്ഡിപിഐ
കോഴിക്കോട്: മുന്നാക്ക സംവരണമെന്ന പേരില്‍ നടപ്പാക്കിയ സാമൂഹിക നീതി അട്ടിമറിക്കും പെരുംകൊള്ളയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാര-ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളില്‍ വരേണ്യ വിഭാഗത്തിന്റെ ആധിപത്യം എക്കാലത്തും അരക്കിട്ടുറപ്പിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു 10 ശതമാനം മുന്നാക്ക സംവരണം എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു. സവര്‍ണ വിഭാഗക്കാരായ സംവര ണീയ വിദ്യാര്‍ഥിക്ക് പ്രവേശന പരീക്ഷയില്‍ റാങ്ക് 60000ന് മുകളിലാണെങ്കില്‍പോലും സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശനം ലഭിക്കുമെന്നായിരിക്കുന്നു.
എന്‍ജിനീയറിങ് പ്രവേശനത്തിന് മുന്നാക്ക ഹിന്ദു-66078ാം റാങ്കുകാരന്‍ പ്രവേശനത്തിന് അര്‍ഹത നേടിയപ്പോള്‍ മുസ്‌ലിം-44079, ഈഴവ- 52174, പിന്നാക്ക ഹിന്ദു- 62393, ലത്തീന്‍ കതോലിക്ക-ആംഗ്ലോ ഇന്ത്യന്‍- 63291, വിശ്വകര്‍മ 64485 റാങ്ക് വരെയുള്ളവര്‍ മാത്രമാണ് പ്രവേശന പട്ടികയില്‍ ഇടംപിടിച്ചത്. എന്‍ട്രന്‍സ് കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ച എന്‍ജിനീയറിങ് നാലാം അലോട്‌മെന്റ് പട്ടിക പ്രകാരം അറുപതിനായിരത്തിനു മുകളില്‍ റാങ്കുള്ള 12 പേര്‍ മുന്നാക്ക സംവരണ വിഭാഗത്തില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു.
സംവരണം കാര്യക്ഷമത കുറയ്ക്കുമെന്നും സംവരണ സീറ്റില്‍ പ്രവേശനം നേടിയ ഡോക്ടര്‍മാരുടെ അടുക്കല്‍ വിശ്വസിച്ച് ചികില്‍സക്ക് പോകാനാവില്ലെന്നും മറ്റുമാണ് പുരോഗമന വാദികളും സവര്‍ണ വരേണ്യ സമൂഹവും മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. 2019 ജനുവരിയില്‍ നടത്തിയ 103-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്താണ് ഈ സാമൂഹിക നീതി അട്ടിമറി യാഥാര്‍ഥ്യമാക്കിയത്. ബിജെപി കൊണ്ടു വന്ന ഭേദഗതി ക്ക് ഇടതും വലതും ഒരുപോലെ തോളോടു തോള്‍ ചേര്‍ന്നു നിന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്. മുന്നണികളുടെ സാമൂഹിക നീതിയെന്ന വായ്ത്താരിയും പിന്നാക്ക സ്‌നേഹവും വഞ്ചനയാണെന്നു തെളിയിക്കുന്നതാണ് ഈ നടപടികള്‍.
ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി എന്ന നിലയ്ക്കല്ല സാമൂഹിക സംവരണം ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയത്. പതിറ്റാണ്ടുകളായി ജാതീയ അസമത്വങ്ങളുടെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായിരുന്നു. സംവരണത്തിന്റെ ആത്മാവിനെയാണ് മുന്നാക്ക സംവരണത്തിലൂടെ മുന്നണികള്‍ ചുട്ടുകൊന്നിരിക്കുന്നത്. സാമൂഹിക നീതി ആഗ്രഹിക്കുന്നവര്‍ ഇതിനെതിരേ ഇനിയെങ്കിലും ശക്തമായി മുന്നോട്ടുവരണമെന്നും വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, ജില്ലാ വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി കെ ഷമീര്‍, ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍ എന്നിവരുംസംബന്ധിച്ചു.

