സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂവാറ്റുപുഴ സ്വദേശിക്ക് ജീവപര്യന്തം
എറണാകുളം: മാനസിക വെല്ലുവിളി നേരിടുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. മൂവാറ്റുപുഴ ആയവന സിദ്ധന്‍പടി സ്വദേശിയായ ചേന്നിരിക്കല്‍ സജി (58)നാണ് പ്രതി. മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 26 വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.
പ്രതി അടയ്ക്കുന്ന പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ജഡ്ജി ജി മഹേഷ് ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.
2019 ജൂണ്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി തനിച്ചായ സമയം നോക്കി പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. 2021-ല്‍ മറ്റൊരു പീഡനക്കേസിലും ഇയാള്‍ വിചാരണ നേരിട്ടിരുന്നു.