ഖുര്‍ആന്‍ അധ്യാപകനെ ഹിന്ദുത്വര്‍ ആക്രമിച്ചു

Update: 2025-03-13 13:48 GMT

ന്യൂഡല്‍ഹി: ഖുര്‍ആന്‍ അധ്യാപകനെ ഹിന്ദുത്വര്‍ ആക്രമിച്ചു. ഡല്‍ഹിയിലെ ലക്ഷ്മിനഗറിലെ മംഗള്‍ നഗറില്‍ മാര്‍ച്ച് പത്തിന് ഹാഫിസ് ഉബൈദുല്ല ഖാസിമി എന്ന യുവാവാണ് ആക്രമണത്തിനിരയായത്. പകല്‍ സമയത്ത് ഒരു തുണിക്കടയില്‍ ജോലിയെടുക്കുന്ന ഹാഫിസ് ഉബൈദുല്ല സന്ധ്യക്ക് ശേഷമാണ് കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മാര്‍ച്ച് 10ന് രാത്രി 10.30ന് ക്ലാസ് കഴിഞ്ഞു തിരിച്ചുവരുമ്പോഴാണ് മൂന്നു യുവാക്കള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇതില്‍ ഒരാള്‍ തന്റെ പേര് ദീപക് എന്നാണെന്നും ബ്രാഹ്മണന്‍ ആണമെന്നും മുല്ലമാരെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ഒരാള്‍ തോക്കും ചൂണ്ടി. പാകിസ്താനിയെന്നും കത്മുല്ലയെന്നും വിളിച്ചായിരുന്നു ആക്രമണം. ഇതോടെ പ്രദേശവാസികളായ ചിലര്‍ ഓടിയെത്തി തടഞ്ഞു. പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെടേണ്ടി വന്നുവെന്നും ഹാഫിസ് ഉബൈദുല്ല പറഞ്ഞു. അക്രമികളുടെ കാറില്‍ കടുവയുടെയും ശിവന്റെയും ചിത്രം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് കേസെടുത്തിട്ടില്ല.