ഹൈക്കോടതി പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു; ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് സംഭവമെന്ന് ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ്
ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടതെന്ന് ഗവര്‍ണര്‍
കൊച്ചി: കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദത്തില്‍. ഭാരതീയ അഭിഭാഷക പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് സംഭവമെന്ന് ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ് പറഞ്ഞു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
ദേശീയ നിയമദിനത്തോടനുബന്ധിച്ചാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഗവര്‍ണര്‍. ചൊവ്വാഴ്ച വൈകീട്ടാണ് അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജിന്റെ ഒരുവശത്താണ് ഫോട്ടോ സ്ഥാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് കമീഷനും ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്.
ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു. 'ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്ന്നോ? ഇത്തരം ചിന്തകള്‍ സാംസ്‌കാരിക അധപതനമാണ്', ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
നേരത്തെ ഭാരതാംബ വിഷയത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ജൂണ്‍ അഞ്ചിന് കൃഷിമന്ത്രി പി പ്രസാദാണ് ഭാരതാംബ വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ വയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന നിലപാട് ഗവര്‍ണര്‍ തുടര്‍ന്നു.
ജൂണ്‍ 19ന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്‌കാര വേദിയിലും ഇതേ ചിത്രം ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയി. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണറായിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിനു മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു.
ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും ഗവര്‍ണര്‍ നിലപാട് തുടര്‍ന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ഇതേ ചിത്രം പ്രദര്‍ശിപ്പിച്ചു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയായിരുന്നു വിവാദമായത്. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും രാജ്ഭവനില്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്ന് ചിത്രം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചിരുന്നു.

