ടൈറ്റാനിക്ക് മുങ്ങുന്നതിന് മുമ്പെഴുതിയ കത്ത് മൂന്നരക്കോടിക്ക് ലേലത്തില്‍ പോയി
ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പലില്‍ നിന്ന് എഴുതിയ കത്ത് മൂന്നരകോടി രൂപയ്ക്ക് ലേലത്തില്‍ പോയി. 1912 ഏപ്രില്‍ പത്തിന് കപ്പലില്‍ ഇരുന്ന് അര്‍ക്കിബാല്‍ഡ് ഗ്രേഷ്യ എന്ന യുവാവ് എഴുതിയ കത്താണ് ലേലത്തില്‍ പോയിരിക്കുന്നത്. ''ഇതൊരു നല്ല കപ്പലാണ്, പക്ഷേ ഇവളെ കുറിച്ച് അഭിപ്രായം പറയാന്‍ യാത്ര അവസാനിക്കുന്നതു വരെ ഞാന്‍ കാത്തിരിക്കും.'' -കത്ത് പറയുന്നു. ടൈറ്റാനിക്ക് മുങ്ങുന്നതിന് മുമ്പുള്ള ഒരു സ്റ്റോപ്പായ ക്യൂന്‍സ്ടൗണില്‍ വച്ചാണ് ഗ്രേഷ്യ കത്തെഴുതിയിരുന്നത്.
എന്നാല്‍, ആ യാത്ര സുരക്ഷിതമായി അവസാനിച്ചില്ല. എപ്രില്‍ 15ന് മഞ്ഞുമലയില്‍ ഇടിച്ച് കപ്പല്‍ തകര്‍ന്നു. 1500ഓളം പേര്‍ കൊല്ലപ്പെട്ടു. പക്ഷേ, ഗ്രേഷ്യ കടലില്‍ ചാടി ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. അതുവഴി വന്ന ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലാണ് ഗ്രേഷ്യയെ രക്ഷിച്ചത്. ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ശേഷം 'ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്' എന്ന പേരില്‍ ഗ്രേഷ്യ പുസ്തകവും എഴുതി. തണുത്ത കടലില്‍ കിടന്നത് മൂലമുണ്ടായ ഹൈപ്പോതെര്‍മിയയുടെ പ്രത്യാഘാതങ്ങള്‍ മൂലം 1912ല്‍ ഗ്രേഷ്യ മരിച്ചു.