
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കരുവാരകുണ്ടില്‍ പുലിയെ പിടിക്കാനായി ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോള്‍ പുലി കുടുങ്ങിയിരിക്കുന്നത്.കൂട്ടില്‍ പുലി കുടുങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായിരിക്കുകയാണ്. പ്രദേശത്ത് പുലിയും വസിക്കുന്നുണ്ടെന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പ്രദേശത്ത് നാട്ടുകാര്‍ വീണ്ടും കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് കടുവാ ദൗത്യം വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയത്. ഇതിനായി നിരവധി കാമറകളും കൂടും പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചു. എന്നാല്‍ ഇതുവരെയായും കടുവാ ദൗത്യം വിജയം കണ്ടില്ല.
മെയ് 15നാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്.