വന്യജീവികൾ കമ്മിറ്റി ഉണ്ടാക്കുന്നതുവരെ കാത്തിരിക്കുമോ; കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: എ കെ ശശീന്ദ്രൻ

Update: 2025-06-10 03:45 GMT

തിരുവനന്തപുരം: കേന്ദ്ര വനം വന്യജീവി നിയമങ്ങൾ അപ്രായോഗികമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ വന്യജീവിയെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നുള്ളു. ഇത് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തടസമുണ്ടാക്കും. വന്യജീവികൾ പുറത്തിറങ്ങിയാൽ, അത് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞാൽ പഞ്ചായത്തു തലത്തിൽ ആറംഗ സമിതിയെ ഉണ്ടാക്കണം. എന്നാൽ കമ്മിറ്റി കൂടി തീരുമാനിക്കുന്നതുവരെ വന്യജീവികൾ കാത്തിരിക്കുമോ എന്നും മന്ത്രി ചോദിച്ചു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്രം തള്ളിയിരുന്നു. കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്നു പത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ വലിയ തരത്തിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ വന്യജീവി ആക്രമണങ്ങളും അത് സംബന്ധിക്കുന്ന അപകടങ്ങൾക്കും പിന്നിൽ കേരള സർക്കാറിൻ്റെ അനാസ്ഥയാണെന്നും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചിരുന്നു. വന്യജീവികളെ നേരിടാനുള്ള അധികാരം സർക്കാറുകൾക്ക് കൊടുത്തിട്ടുണ്ടെന്നും അത് കേരളം മുമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ഭൂപേന്ദ്ര യാദവിൻ്റെ പ്രതികരണം.