ചെടിച്ചട്ടിയില്‍ സൂക്ഷിച്ച താക്കോലുപയോഗിച്ച് വീട് തുറന്ന് 16 ലക്ഷം രൂപ കവര്‍ന്നു

Update: 2026-03-03 07:42 GMT

ഇടുക്കി: ചെടിച്ചട്ടിയില്‍ സൂക്ഷിച്ച താക്കോലുപയോഗിച്ച് വീട് തുറന്ന് 16 ലക്ഷം രൂപ കവര്‍ന്നു. കട്ടപ്പന പുളിയന്‍മല റോഡിലെ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫെബ്രുവരി 14-ന് രാത്രി എട്ടരയോടെ വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്താണ് സംഭവം.

അടുത്തുള്ള സ്ഥാപനവും വീടും ഒരു കെട്ടിടത്തിലാണ്. വീട്ടുകാര്‍ പുറത്തുപോകുമ്പോള്‍ താക്കോല്‍ വീടിന് പുറത്തെ ചെടിച്ചട്ടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. ഇതറിയാവുന്ന മോഷ്ടാവ്, താഴത്തെ നിലയിലെ സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തി അകത്തുകയറുകയും മുകള്‍ നിലയിലെത്തി താക്കോലെടുത്ത് വീട് തുറക്കുകയുമായിരുന്നു. അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്‍ മാത്രമാണ് മോഷണം പോയത്.

പണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത് രണ്ടുദിവസത്തിന് ശേഷമാണ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പള്ളിപ്പെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നതെന്ന് വ്യക്തമായത്. മുഖം മറച്ചും വിരലടയാളം പതിയാതിരിക്കാന്‍ കൈയുറകള്‍ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. വീടിനെക്കുറിച്ചും താക്കോല്‍ വെക്കുന്ന സ്ഥലത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags: