കോഴിക്കോട്: ചേവരമ്പലത്ത് വീട് കുത്തി തുറന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണമെന്ന് പോലിസ് പറയുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതായിരുന്നു ഗായത്രിയും കുടുംബവും. ഇന്ന് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഇന്ന് പുലര്‍ച്ചെ 1.55ന് വീടിന്റെ മതില്‍ ചാടി വന്ന കള്ളന്‍, മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്നാണ് മോഷണം. കിടപ്പുമുറിയിലെ അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
രണ്ടാഴ്ചക്കിടെ ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞ ദിവസം ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവനോളം സ്വര്‍ണം കവര്‍ന്നിരുന്നു. ഈ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവെയാണ് മറ്റൊരു മോഷണം.