'നിരന്തരം കുറ്റം ചെയ്യുന്നയാള്‍'; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി
കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പോലിസിനെ വിമര്‍ശിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നിരന്തരം കുറ്റകൃത്യം ചെയ്യുന്നയാളായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഷാജന്‍ സ്‌കറിയ ഒളിവിലാണെന്ന പോലിസ് വാദത്തേയും കോടതി വിമര്‍ശിച്ചു.
ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കോടതി ചോദിച്ചത്. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിമര്‍ശനം. കടവന്ത്ര പോലിസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന്‍ സ്‌കറിയയെക്കെതിരേ കേസെടുത്തിരുന്നു.
ബിഎന്‍എസ്, ഐടി ആക്ട്, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകളാണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരേ പോലിസ് ചുമത്തിയത്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും.