റീല്‍സ് ചിത്രീകരണത്തിനിടയില്‍ 15കാരിയെ ബലാല്‍സംഗം ചെയ്തു; യൂട്യൂബറും മകനും അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രശസ്ത യൂട്യൂബര്‍ അരബിന്ദ മണ്ഡലിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.
മാസങ്ങള്‍ക്ക് മുന്‍പ് റീല്‍സ് ചിത്രീകരണത്തിനായി ഇവര്‍ പെണ്‍കുട്ടിയെ സമീപിക്കുകയും ചിത്രീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്തിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ശേഷം, അതിനെ ആധാരമാക്കി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തെന്നാണ് പരാതി.
പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അരബിന്ദയ്ക്കും മകനുമെതിരെ പോലിസില്‍ പരാതിനല്‍കി. അന്വേഷണം പൂര്‍ത്തിയാക്കിയ പോലിസ് ഇരുവരെയും പിടികൂടി. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. മകനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.