'മധ്യപ്രദേശിലെ ഒരു കര്‍ഷകന്റെ വാര്‍ഷികവരുമാനം മൂന്ന് രൂപ'; ഇന്ത്യയിലെ ഏറ്റവും ദരിദ്രനെന്ന് സോഷ്യല്‍മീഡിയ
സത്‌ന: ഇന്ത്യയില്‍ മൂന്ന് രൂപയ്ക്ക് എന്തെങ്കിലും വാങ്ങാന്‍ കഴിയുമോ? ഒരു ഗ്ലാസ് ചായ പോലും വാങ്ങാന്‍ കഴിയില്ല എന്നല്ലേ, എന്നാല്‍ ഒരു ഔദ്യോഗിക വരുമാന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്, മധ്യപ്രദേശില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ഒരു വര്‍ഷം മുഴുവന്‍ സമ്പാദിച്ചത് അത്രയേയുള്ളൂ.
സത്ന ജില്ലയിലെ നയാഗാവോണ്‍ ഗ്രാമത്തില്‍ താമസിക്കുന്ന 45 വയസ്സുള്ള രാംസ്വരൂപിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം വെറും 3 രൂപയാണെന്ന് രേഖപ്പെടുത്തിയിരുന്നു.അതായത് പ്രതിമാസം ഏകദേശം 25 പൈസ.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായതോടെ, ജനങ്ങള്‍ വിമര്‍ശനങ്ങളും ട്രോളുകളുമായി രംഗത്തെത്തി. ഇത് ഒരു പിഴവാണോ അതോ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണോ എന്ന് പലരും ചോദിച്ചു.
സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ, ഇതൊരു ക്ലറിക്കല്‍ മിസ്‌റ്റേക്ക് സംഭവിച്ചതാണെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും അധികാരികള്‍ വ്യക്തമാക്കി. രാംസ്വരൂപിന്റെ വരുമാനം പ്രതിവര്‍ഷം 30,000 രൂപയായി (അല്ലെങ്കില്‍ പ്രതിമാസം 2,500 രൂപ) പരിഷ്‌കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 'അതൊരു ക്ലറിക്കല്‍ പിശകായിരുന്നു, അത് തിരുത്തിയിട്ടുണ്ട്,' തഹസില്‍ദാര്‍ ദ്വിവേദി വ്യക്തമാക്കി.