കോന്നിയില്‍ ഭിന്നശേഷിക്കാരിയായ പതിനേഴുകാരി വയലില്‍ മരിച്ചനിലയില്‍

Update: 2026-02-07 17:04 GMT

പത്തനംതിട്ട: കോന്നി പൂവന്‍പാറയില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കോട്ട മുരുപ്പേല്‍ അജ്മിന(17)യെയാണ് പൂവന്‍പാറ പിഎംജി പള്ളിക്കു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി എലിയിറക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ അജ്മിന പൂവന്‍പാറയിലുള്ള അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെയായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിട്ടിരുന്നു.

ശനിയാഴ്ച രാവിലെ പശുവിനെ മേയ്ക്കാന്‍ പോയതായിരുന്നു അജ്മിന. അപ്പൂപ്പനും അമ്മൂമ്മയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടിലെത്തിച്ചേര്‍ന്നെങ്കിലും അജ്മിനയെ കാണാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റേയും ഷീനയുടേയും മകളാണ് അജ്മിന. ഷീനയുടെ കോന്നി ചേരിമുക്കിലുള്ള വീട്ടിലാണ് അജ്മിന താമസിച്ചിരുന്നത്.