ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ചു; ജ്യോല്‍സ്യനെതിരേ പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലിസ്
കൊല്ലം: പുത്തൂരില്‍ പതിനാറുകാരിയെ ജ്യോല്‍സ്യന്‍ പീഡിപ്പിച്ചെന്ന് പരാതി. മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജ്യോല്‍സ്യന്റെ പേരില്‍ പുത്തൂര്‍ പോലിസ് കേസെടുത്തു. വെണ്ടാര്‍ സ്വദേശി വി എസ് മുരാരി തന്ത്രി(രാജന്‍ ബാബു)ക്കെതിരേയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പുത്തൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിയും അമ്മയും മുന്‍പ് ജ്യോതിഷവുമായി ബന്ധപ്പെട്ട് രാജന്‍ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയതാണ് ഇവരുടെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനല്‍കാമെന്നും രാജന്‍ ബാബു ഇവരെ വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച ഇവര്‍ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്.
രാവിലെ 11 മണിയോടെ എത്തിയ ഇവര്‍ക്ക് മൂന്നുമണിയോടെയാണ് കാണാന്‍ അവസരം ലഭിച്ചത്. ജ്യോല്‍സ്യന്‍ പെണ്‍കുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകള്‍ പുറത്തേക്കു വരാതിരുന്നതിനാല്‍ അമ്മ അകത്തുചെന്ന് നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളുകള്‍ പ്രതിഷേധവുമായി വീടിനുമുന്നില്‍ തടിച്ചുകൂടി. ബഹളത്തിനിടെ രാജന്‍ ബാബു സ്ഥലംവിട്ടെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും പുത്തൂര്‍ എസ്എച്ച്ഒ സി ബാബുക്കുറുപ്പ് പറഞ്ഞു.
