ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍

Update: 2026-01-28 05:32 GMT

തിരുവനന്തപുരം: രാജ്യത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍ .ഇവയില്‍ 11 എണ്ണവും കേരളത്തിലെ ലാബുകളില്‍ പരിശോധനയില്‍ കണ്ടെത്തിയവയാണ്. ഇവയില്‍ ഗുളികകള്‍, സിറപ്പുകള്‍, കുത്തിവയ്പ്പിനായുള്ള മരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്പിളുകളും നിലവാരമില്ലാത്തവയായി.കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാള്‍, ത്രിപുര, രാജസ്ഥാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്.

എറണാകുളത്തെ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നിശ്ചിത മേന്മയില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും തൃശൂരിലെയും ലാബുകളില്‍ മൂന്ന് വീതമാണ് മോശമായത്. ഹിമാചല്‍പ്രദേശിലെ മായ ബയോടെക് നിര്‍മിച്ച മൂക്കിലൊഴിക്കുന്ന സോഡിയം ക്ലോറൈഡ് തുള്ളിമരുന്നിന്റെ മൂന്ന് ബാച്ചുകളാണ് എറണാകുളത്തെ പരിശോധനയില്‍ പരാജയപ്പെട്ടത്. ശ്വാസംമുട്ടിനുള്ള സാല്‍ബുട്ടാമോള്‍ സിറപ്പ്, മോണ്ടെലോകാസ്റ്റ് സോഡിയവും ലിവോസെട്രിസിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന ഗുളികയുടെ ഓരോ ബാച്ചുകള്‍ എന്നിവയും പരാജയപ്പെട്ടു.ഇതിനുപുറമേ ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദയപ്രശ്‌നം, ആമാശയരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളും നിലവാരമില്ലാത്തവയിലുണ്ട്.

ഡിസംബറില്‍ നടത്തിയ വ്യാജമരുന്നുവേട്ടയിലും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പത്ത് അലോപ്പതി മരുന്നുകളുടെയും ഏഴ് അരിഷ്ടങ്ങളുടെയും വില്‍പ്പനയും നിരോധിച്ചിരുന്നു. കരുനാഗപ്പള്ളി ബലാ ഹെര്‍ബല്‍സിന്റെ അമൃതാരിഷ്ടം (ബാച്ച് 0110), കനകാസവം (0114), അശ്വഗന്ധാരിഷ്ടം (111), ഉശിരാസവം (0117), കുടജാരിഷ്ടം (0113), അഭയാരിഷ്ടം (109), കരുനാഗപ്പള്ളി ശിവ ആയുര്‍വേദിക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അശോകാരിഷ്ടം (0220) എന്നിവയാണ് നിരോധിച്ച ആയുര്‍വേദമരുന്നുകള്‍.

Tags: